സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനം.

രാജ്യത്തെ 24 ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ ശമ്പളമാണ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ പരിഗണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ശമ്പളവും അലവന്‍സുമായി ഒന്നരലക്ഷം രൂപയാണ് നിലവില്‍ ഒരു സുപ്രീം കോടതി ജഡ്ജിക്ക് മാസം ലഭിക്കുന്നത്. ചീഫ് ജസ്റ്റിസിന് ഇതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അലവന്‍സ് ഇല്ലാതെ മാസത്തില്‍ 2.8 ലക്ഷം രൂപയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും 2.5 ലക്ഷം രൂപ വീതവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയുമുള്ള പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.

Top