ന്യൂഡല്‍ഹി: പെഗാസസില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കോടതി മറ്റന്നാള്‍ പരിഗണിക്കും. പുതിയ വെളിപ്പെടുത്തലിന്റെ ഭാഗമായി സമര്‍പ്പിച്ച ഹരജികളും കോടതിക്ക് മുന്നില്‍ വരും. മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം ഉള്‍പ്പെടെ 13 പേരാണ് സമിതിക്ക് മൊഴി നല്‍കിയത്.
ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ‘ദി വയര്‍’ അടക്കമുള്ള ആഗോള മാധ്യമ കൂട്ടായ്മ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പാര്‍ലമെന്റിലടക്കം പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തിയെങ്കിലും പെഗാസസ് വാങ്ങിയെന്ന് കേന്ദ്രം സമ്മതിച്ചിരുന്നില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായത്. രാജ്യസുരക്ഷയെക്കാള്‍ തന്നെ പ്രധാനമാണ് വ്യക്തി സ്വാതന്ത്ര്യവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.