പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയിട്ടുണ്ടോ?; സംസ്ഥാനങ്ങളോട് സുപ്രീംകോടതി വിദഗ്ധ സമിതി

ഡൽഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിർദേശം. സമിതിക്ക് വേണ്ടി വിശദാംശങ്ങൾ ആരാഞ്ഞ് സുപ്രീംകോടതി സെക്രട്ടറി ജനറൽ സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് നൽകി.

ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതേങ്കിലും ഏജൻസികളോ പൗരന്മാരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പെഗാസസ് സോഫ്റ്റ്‌വെയർ സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയത്?. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകി തുടങ്ങിയ കാര്യങ്ങളും അറിയിക്കണം.

ഏത് വിഭാഗത്തിൽപ്പെട്ട സോഫ്റ്റ്‌വെയർ ആണ് വാങ്ങിയത്, എത്ര ലൈസൻസ് കരസ്ഥമാക്കി എന്നിവ അറിയിക്കാനും കത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇതേ ചോദ്യാവലി കേന്ദ്ര സർക്കാരിനും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ചന്ദ്ര ബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ പെഗാസസ് വാങ്ങിയിരുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെളിപ്പെടുത്തിയിരുന്നു.

ജസ്റ്റിസ് ആർ വി രവീന്ദ്രൻ നേതൃത്വം നൽകുന്ന വിദഗ്ധ സമിതിയിൽ റോ മുൻ മേധാവി അലോക് ജോഷി, സൈബർ സുരക്ഷ വിദഗ്ദ്ധൻ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങൾ. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നൽകുന്നതിന് ഡോ. നവീൻ കുമാർ ചൗധരി, ഡോ.പി പ്രഭാകരൻ, ഡോ. അശ്വിൻ അനിൽ ഗുമസ്‌തെ എന്നിവർ അടങ്ങിയ മറ്റൊരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Top