കേസില്‍ ഉള്‍പ്പെട്ട എംപി, എംഎല്‍എമാരുടെ പട്ടിക ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംഎല്‍എമാരുടെയും എംപിമാരുടെയും പേരുകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം. ഇത്തരം കേസുകള്‍ പ്രത്യേക കോടതികളുടെ പരിഗണനയിലേക്ക് മാറ്റിയിട്ടുണ്ടോയെന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോടതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒക്ടോബര്‍ രണ്ടിന് ഇത് പരിഗണിക്കും.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന നിയമസഭ-പാര്‍ലമെന്റ് സാമാജികരുടെ കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക കോടതി വേണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഡല്‍ഹിയടക്കം 11 സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതില്‍, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള 1233 കേസുകളില്‍ 12 എണ്ണം അതിവേഗ കോടതികളുടെ പരിഗണനയിലാണ്. 136 എണ്ണം തീര്‍പ്പാക്കി. 1097 കേസുകള്‍ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ബീഹാറില്‍ നിന്നുള്ള 249 നേതാക്കള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കേരളത്തില്‍ നിന്ന് 233 കേസുകളും പശ്ചിമ ബംഗാളില്‍ നിന്ന് 226 കേസുകളും നിലനില്‍ക്കുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസ് പരിഗണിക്കുന്നതിനായി 12 പ്രത്യേക അതിവേഗ കോടതി വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. മാര്‍ച്ച് 1 മുതല്‍ ഇത്തരം കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എംപിമാരുടെയും എംഎല്‍എമാരുടെയും കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി വക്താവ് അശ്വനി ഉപാധ്യായയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Top