ബംഗാളില്‍ പത്രിക നല്‍കാന്‍ പോലും അനുവദിക്കുന്നില്ലെന്ന്‌ ആരോപിച്ച് ബിജെപി നല്‍കിയ പരാതി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി നല്‍കിയ പരാതി തള്ളി സുപ്രീംകോടതി. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് അധികാരത്തിന്റെ മറവില്‍ ആക്രമണം നടത്തുന്നതായും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക പോലും നല്‍കാന്‍ അനുവദിക്കുന്നില്ലെന്ന്‌ ആരോപിച്ച് ബിജെപി നല്‍കിയ പരാതിയാണ് സുപ്രീംകോടതി തള്ളിയത്.

പരാതിക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടില്ലെന്നും ജസ്റ്റീസ് ആര്‍.കെ.ആഗര്‍വാള്‍, എ.എം.സാപ്രേ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിട്ടുമുണ്ട്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനാധിപത്യം തകര്‍ത്തിരിക്കുകയാണെന്നും, ബംഗാള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം നീട്ടണമെന്നും ബിജെപി ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ എല്ലാം തള്ളിയാണ് സുപ്രീംകോടതി, പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ ഉത്തരവിട്ടത്.

Top