ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ വരുന്നു. ഒമ്പത് പുതിയ ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ സുപ്രിം കോടതി കൊളീജിയം അംഗീകരിച്ചതായി റിപ്പോര്‍ട്ട്.
ഒമ്പതു പേരുകള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം സര്‍ക്കാറിന് കൈമാറിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇത്രയും ചീഫ് ജസ്റ്റിസുമാരെ ഒരുമിച്ച് നിയമിക്കുന്നത് ഒരുപക്ഷേ ഇതാദ്യമാകും.
നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്ന ഒഴിവിലേക്കാണ് പുതിയ ആളുകളെ നിയമിക്കുന്നത്. മറ്റ് അഞ്ച് ഹൈക്കോടതികളില്‍ നിലവില്‍ ആക് ടിങ് ചീഫ് ജസ്റ്റിസുമാരാണുള്ളത്.
മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ത്രിപുരയില്‍ ജസ്റ്റിസ് അഭിലാഷ കുമാരി, ജമ്മു കശ്മീരില്‍ ജസ്റ്റിസ് ബി.ഡി അഹമ്മദ്, രാജസ്ഥാനില്‍ ജസ്റ്റിസ് പ്രദീപ് നടരാജോഗ്, പട്‌നയില്‍ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ഹൈദരബാദില്‍ ജസ്റ്റിസ് ടി വൈഫി, മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റിസ് എച്ച്.ജി രമേശ്, ജാര്‍ഖണ്ഡില്‍ ജസ്റ്റിസ് പി.കെ മൊഹന്ദി എന്നിവര്‍ ചീഫ് ജസ്റ്റിസുമാരാകും.
കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചത്തീസ്ഗഢ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാകും.
ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പല ഹൈക്കോടതികളിലായി ആക്ടിങ് ചീഫ് ജസ്റ്റിസ് പദവി വഹിക്കുന്നവരാണ്.
കോടതികളില്‍ ജഡ്ജിമാരെ നിയമിക്കണമെന്ന് മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പ്രധാനമന്ത്രിയോടടക്കം പരസ്യമായി ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്തു പോലും കൊളീജിയം ഇത്രയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ ഒരുമിച്ച് ശുപാര്‍ശ ചെയ്തിട്ടില്ല.