ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വായു മലിനീകരണം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു.
വായുമലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്നുള്ള ആരോഗ്യ അടിയന്തരാവസ്ഥ ഡല്‍ഹിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതി കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ സ്ഥിതി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിസ്ഥിതി വിദഗ്ധനെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു
ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയ കോടതി നിലവിലെ സാഹചര്യങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടി.
വായുമലിനീകരണത്തിന്റെ പേരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപോരിനെതിരെയും കോടതി ശബ്ദമുയര്‍ത്തി. പ്രശ്‌നപരിഹാരത്തിനല്ല, കണ്ണില്‍ പൊടിയിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കുകയാണ്, രാഷ്ട്രീയമല്ല പകരം മലിനീകരണത്തിന് പരിഹാരമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹിയില്‍ ഗതാതഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്കാണ് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒറ്റ-ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാവുക. ഈ മാസം 15 വരെ നിയന്ത്രണം തുടരും.
ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാനാകൂ. ഒറ്റ അക്ക നമ്പറുകള്‍ക്ക് നാളെ നിരത്തുകളിലിറങ്ങാം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് വാഹന നിയന്ത്രണം. നവംബര്‍ 10 ഞായറാഴ്ച നിയന്ത്രണം ഉണ്ടായിരിക്കില്ല.
വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും പുറമേ സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്.
ഡല്‍ഹി കൂടാതെ ഉത്തര്‍പ്രദേശ് ,ബീഹാര്‍ സംസ്ഥാനങ്ങളിലും വായു മലിനീകരണതോത് ഉയരുകയാണ്. സംസ്ഥാനങ്ങളിലെ സ്ഥിതി 24 മണിക്കൂറും നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.