ന്യൂഡല്‍ഹി: കേരളത്തില്‍ വലിയ പെരുന്നാളിനോടനുബന്ധിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന് ഉണ്ടായേക്കും. കോടതി നിര്‍ദ്ദേശം അനുസരിച്ച് നല്‍കിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ചില മേഖലകളില്‍ കടകള്‍ തുറക്കാന്‍ മാത്രമാണ് ഇളവെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉള്‍ക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീംകോടതി നടത്തിയ പരാമര്‍ശം.
എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ലോക്കഡൗണ്‍ ഇളവുകളെന്നും ഒരു കോവിഡ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശിക്കാനാവുക എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കാന്‍ ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും ബിആര്‍ ഗവായും ഉള്‍പ്പെട്ട ബഞ്ച് കേരളത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ആദ്യ കേസായി കോടതി വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പികെഡി നമ്പ്യാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.