ഡല്‍ഹി: ജോശിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ഇടപെടാന്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പ്രശ്‌നങ്ങളും സുപ്രീം കോടതിക്കു മുന്നില്‍ എത്തേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അവയെല്ലാം പരിശോധിക്കാന്‍ ജനാധിപത്യപരമായ സംവിധാനങ്ങളുണ്ടെന്നു പറഞ്ഞ കോടതി ഹര്‍ജി ജനുവരി 16നു പരിഗണിക്കാന്‍ മാറ്റി.
ഉത്തരാഖണ്ഡില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതു നിമിത്തം പ്രതിസന്ധിയിലായ ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാന്‍ കോടതി ഇടപെടല്‍ തേടിയാണ് ഹര്‍ജി. സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.