ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം നിഷേധിച്ച് സുപ്രീം കോടതി. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. അത്തരം ഒരു സ്ഥിതി ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പുരിയിലും മുംബൈയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷിയാ പുരോഹിതന്‍ സയ്യദ് കല്‍ബെ ജവാദ് ആണ് രാജ്യവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്.