രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

ഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ്, ജസ്റ്റിസ് എൽ നാഗേശ്വറ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ശിക്ഷിക്കപ്പെട്ടു മുപ്പതു വർഷത്തിനു ശേഷമാണ് പേരറിവാളന്റെ മോചനം.

പേരറിവാളനെ മോചിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിട്ടും ഇനിയും തടവിൽ പാർപ്പിക്കാനാവില്ലെന്ന കോടതി വ്യക്തമാക്കി. പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് മന്ത്രിസഭയുടെ തീരുമാനത്തിന് ഗവർണർ എൻഎൻ രവി അംഗീകാരം നൽകിയിരുന്നില്ല. മോചനത്തിന് അധികാരം രാഷ്ട്രപതിക്കു മാത്രമാണെന്നായിരുന്നു ഗവർണറുടെയും കേന്ദ്ര സർക്കാരിന്റെയും നിലപാട്.

മന്ത്രിസഭ എല്ലാ വശങ്ങളും പരിശോധിച്ചാണ് പേരറിവാളന്റെ മോചനത്തിൽ തീരുമാനമെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവർണർക്ക് ഇക്കാര്യം അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട്, 47കാരനായ പേരറിവാളൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

1991 മെയ് 21നാണ്, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് കൊല്ലപ്പെട്ടത്. ധനു എന്ന എൽടിടിഇ ചാവേർ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു കൊലപാതകം. കേസിൽ പേരറിവാളൻ, മുരുകൻ, ശാന്തൻ, നളിനി എന്നിവർക്കു കോടതി വധശിക്ഷ വിധിച്ചു. 2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Top