കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റില്‍ നിയമ വിരുദ്ധമായോ ദേശവിരുദ്ധമായോ ഒന്നുമില്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ദീപക് ഗുപ്ത. സര്‍ക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഓരോ പൗരനും അവകാശമുണ്ടെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിയില്‍ ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദീപക് ഗുപ്ത.
പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒരു ഘടകവും താന്‍ ടൂള്‍ കിറ്റില്‍ കണ്ടില്ലെന്നും അതില്‍ രാജ്യദ്രോഹമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പ്രതിഷേധിക്കുന്നവരോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അത് വേറെ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊളോണിയല്‍ കാലത്തുള്ളതാണ് രാജ്യദ്രോഹക്കുറ്റം. അന്നേ അത് ജീവപര്യന്തം വരെ നല്‍കുന്ന ഗുരുതരമായ കുറ്റമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. വിയോജിപ്പുകളെ തടഞ്ഞുനിര്‍ത്താനായി ആ നിയമം ഉപയോഗിക്കപ്പെടുന്നുവെന്നും മുന്‍ ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു.
അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ദിഷ രവി. ടൂള്‍ കിറ്റ് കേസില്‍ മറ്റ് രണ്ട് പേര്‍ക്കെതിരെ കൂടി ഡല്‍ഹി പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബോംബെയിലെ മലയാളി അഭിഭാഷക നിഖിത ജേക്കബ്, ശാന്തനു എന്നിവര്‍ക്കാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപിച്ച എം ഒ ധലിവാളിന്റെ ആവശ്യപ്രകാരം ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് നിര്‍മിച്ചതെന്നാണ് പൊലീസ് വാദം.