ന്യൂഡല്‍ഹി: രാജ്യത്തെ കിട്ടാക്കടം സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാനായി ആര്‍ബിഐക്ക് ജൂലൈ 24 വരെ സമയം അനുവദിച്ചു കൊണ്ട് സുപ്രീംകോടതിയുടെ നിര്‍ദേശം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായ ജെ.എസ്. ഖെഹര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് റിസര്‍വ്വ് ബാങ്കിന് ഒരാഴ്ച്ചത്തെ സമയം കൂടി അനുവദിച്ചത്.
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്‍ട്രെസ്റ്റ് ലിറ്റിഗേഷന് വേണ്ടി പ്രശാന്ത് ഭൂഷന്‍ 500 കോടിയില്‍ കൂടുതല്‍ വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കടമെടുത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ബാങ്കിന്റെ നിയമങ്ങള്‍ക്ക് എതിരാണ് എന്നതായിരുന്നു ആര്‍ബിഐ യുടെ വാദം.
കടം തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും വിമുഖത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കോടതി വാദം കേട്ടത്. തുടര്‍ന്ന്, 500കോടി രൂപയിലധികം വായ്പയെടുത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ നവംബറില്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സാധാരണക്കാരായ ജനങ്ങളുടെ ചെറിയ കടങ്ങള്‍ ബാങ്കുകള്‍ തിരിച്ചു പിടിക്കുന്നെന്നും അതേസമയം, കോടികള്‍ കടമെടുത്തവര്‍ പാപ്പരായെന്നു കാട്ടി രക്ഷപെടുന്നതായും കോടതി വ്യക്തമാക്കി.