ന്യൂഡല്‍ഹി: സിഖ് ഗുരുവായ നാനാക് ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘ നാനാക് ഷാ ഫക്കീര്‍’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി സുപ്രീംകോടതി. ചിത്രത്തില്‍ ഗുരുനാനാകിനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സിഖ് സംഘടനയായ ശിരോമണി ഗുര്‍ദ്‌വാര പര്‍ബന്ധക് (എസ്ജിപിസി) നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ സ്ഥിതിക്ക് എസ്ജിപിസിയുടെ സമ്മതം ആവശ്യമില്ലെന്നാണ് കോടതിയുടെ നിലപാട്. ഇന്ത്യയില്‍ എല്ലായിടത്തും റിലീസ് ചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. കൂടാതെ എല്ലാ സംസ്ഥാനങ്ങളോടും നിയമവ്യവസ്ഥ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സര്‍താജ് സിംഗ് പന്നുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എ. ആര്‍ റഹ്മാന്‍, ഉത്തം സിംഗ് എന്നിവരാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ആരിഫ് സക്കറിയ, പുനീത് സിക്ക, ആദില്‍ ഹുസൈന്‍, ശ്രദ്ധ കോള്‍, അനുരാഗ് അറോറ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.