ന്യൂഡല്‍ഹി: പന്തീരങ്കാവ് കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ പ്രഥമ ദൃഷ്ട്യ നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. താഹ ഫസലിന് ജാമ്യം നല്‍കികൊണ്ടുളള ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീംകോടതി തളളിയിട്ടുണ്ട്.
മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ല. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമെ യുഎപിഎ നിലനില്‍ക്കുവെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചെറുപ്പക്കാരായതിനാല്‍ മാവോയിസ്റ്റ് ആശയങ്ങളില്‍ ആകര്‍ഷിച്ചിട്ടുണ്ടാകാം. ഇവരുടെ പക്കല്‍ ലഘുലേഖകളും പുസ്തകങ്ങളും ഉണ്ടായേക്കാം. ഇത്് മൂലം യുഎപിഎ ചുമത്താനാകില്ല.
മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുണ്ടെന്ന എന്‍ഐഎ വാദം തളളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ ജയിലിലുളള താഹയെ പ്രത്യേക കോടതിയില്‍ ഹാജരാക്കി ജാമ്യ നടപടികള്‍ ഒരാഴ്ചക്കുളളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.
അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടാന്‍ കാരണമായ ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ശ്രീനിവാസ് ഓക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2020 സെപ്റ്റംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നു. എന്‍ഐഎ കോടതി വിധി സുപ്രീംകോടതിയും ശരിവെക്കുമ്പോള്‍ വിധി സംസ്ഥാന സര്‍ക്കാരിനും എന്‍ഐഎക്കും വലിയ തിരിച്ചടിയാണ്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.