ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സംസ്ഥാനങ്ങള്‍ സാങ്കേതിക വിഷയങ്ങള്‍ കാട്ടി തള്ളരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കുട്ടികള്‍ക്ക് സഹായം നല്‍കുമ്പോള്‍ അത് ബന്ധുക്കളുടെ പേരില്‍ കൊടുക്കാതെ, കുട്ടികളുടെ പേരില്‍ വേണം നല്‍കാന്‍. കൊവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്തവരുണ്ടെങ്കില്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും കോടതി പറഞ്ഞു.
ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയോട് എന്തുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാനത്ത് കിട്ടിയ അപേക്ഷയില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് സഹായം നല്‍കിയിരിക്കുന്നത്. അയ്യായിരത്തോളം അപേക്ഷകള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് റദ്ദായി പോയെന്നാണ് ആന്ധ്രാപ്രദേശ് മറുപടി പറഞ്ഞത്. തുടര്‍ന്നാണ് ചെറിയ കാര്യങ്ങള്‍ പറഞ്ഞ് കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷകള്‍ തള്ളരുതെന്ന് കോടതി വ്യക്തമാക്കിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം കിട്ടാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.