കൊച്ചി: എംഎല്‍എ സ്ഥാനത്തു നിന്ന് കെ.എം. ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ തീര്‍പ്പാക്കി. ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണു നടപടിയെടുത്തിരിക്കുന്നത്.
ഷാജിയെ അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി ഇന്നു പൂര്‍ത്തിയാകുന്നതിനാലാണു സ്റ്റേ നീട്ടിക്കിട്ടാന്‍ ഷാജി വീണ്ടും കോടതിയെ സമീപിച്ചിരുന്നത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചിരുന്നെങ്കിലും സ്റ്റേ അനുവദിച്ചില്ല.
അതേസമയം, കെഎം ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം പാലിക്കാന്‍ ആകില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞിരുന്നത്.
കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് എത്തിയിരുന്നു. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്. ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. സ്‌റ്റേ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാനാണോ ആഗ്രഹിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.