ഞാനും സ്ത്രീയാണ്, ന്യായമായ കാരണത്തിന് വേണ്ടി പ്രതിഷേധിക്കും; ഇന്ദിര ജെയ്‌സിങ്

ന്യൂഡല്‍ഹി: സുപ്രീംകോടതി പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്. കാര്‍ഷിക പ്രതിഷേധത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തിന് മറുപടിയുമായിട്ടാണ്‌ ഇന്ദിര രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഒരു സ്ത്രീയാണെന്നും ന്യായമായ കാരണത്തിനാണെങ്കില്‍ താന്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും ഇന്ദിര ജെയ്‌സിങ് പ്രതികരിച്ചു.

”ചീഫ് ജസ്റ്റിസ്, ഞാന്‍ ഒരു സ്ത്രീയാണ്, ഞാന്‍ ”വൃദ്ധയാണ്’, ഞാന്‍ ഒരു അഭിഭാഷകയാണ്, പക്ഷേ ന്യായമായ കാരണമാണെങ്കില്‍ ഞാന്‍ പ്രതിഷേധത്തിന് പോകും,” അവര്‍ പറഞ്ഞു. കാര്‍ഷിക നിയമം സംബന്ധിച്ച ഹര്‍ജി കേള്‍ക്കുന്നതിനിടെയായിരുന്നു പ്രായമായവരും സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന പരാമര്‍ശം സുപ്രീംകോടതി നടത്തിയത്. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാറിന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

Top