സുപ്രീംകോടതി വിശുദ്ധ പശു, അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ സര്‍ക്കാരാണ് ഭരണഘടനാ ലംഘനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ നിത്യ ചെലവിന് പൈസയില്ലാത്തപ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.

ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ രൂക്ഷഭാഷയിലായിരുന്നു ഗവര്‍ണറുടെ മറുപടി. സമ്മര്‍ദത്തിലാക്കി ബില്ലുകള്‍ ഒപ്പിടാന്‍ നോക്കേണ്ട. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയത് താനല്ല, സര്‍ക്കാരാണെന്നായിരുന്നു വിമര്‍ശനം. സുപ്രീംകോടതി വിശുദ്ധ പശുവാണെന്നും കോടതി പറഞ്ഞാല്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസയച്ചാല്‍ നിയമോപദേശം തേടാനാണ് ഗവര്‍ണറുടെ തീരുമാനം.

പെന്‍ഷന്‍ കൊടുക്കാന്‍ നിവര്‍ത്തിയില്ലാത്ത സര്‍ക്കാര്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയെന്നായിരുന്നു ഗവര്‍ണറുടെ കുറ്റപ്പെടുത്തല്‍. അതേസമയം ബില്ലുകള്‍ പാസാക്കത്തതില്‍ തമിഴ്‌നാട്, പഞ്ചാബ് ഗവര്‍ണര്‍മാര്‍ക്കെതിരായ സുപ്രീംകോടതി നിരീക്ഷണത്തോട് ഗവര്‍ണര്‍ പ്രതികരിച്ചില്ല.

Top