ഡൽഹി: സുപ്രീംകോടതിയിലേക്ക് അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കൊളീജിയത്തിന്റെ ശുപാർശ വൈകാതെ അംഗീകരിക്കുമെന്ന് കേന്ദ്രസർക്കാർ. നിയമന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി അറിയിച്ചു.
സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി വിവിധ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ പേര് ഡിസംബർ 13-ന് കൊളീജിയം ശുപാർശ ചെയ്തിരുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ വൈകുന്നതിൽ സുപ്രീംകോടതി നേരത്തെ അതൃപ്തിയറിയിച്ചു. വളരെ ഗൗരവമുള്ള വിഷയമാണിതെന്ന് വ്യക്തമാക്കിയ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി.
തുടർന്ന് കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻദലിനെയും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിനെയും സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ശുപാർശ ചെയ്തു. സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വേണ്ടിടത്ത് നിലവിൽ 27 പേരാണുള്ളത്.