ന്യൂഡല്‍ഹി : ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്നും കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനും ഇന്നലെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അഭിപ്രായപ്പെട്ടിരുന്നു.
തെലങ്കാന ഹൈക്കോടതി കൂടി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള അന്വേഷണമാകും വിരമിച്ച സുപ്രീം കോടതി ജഡ്ജി നടത്തുക.
കൊലപാതകക്കേസ് പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് വാദം. സംഭവത്തില്‍ നേരത്തെ തന്നെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നായിരുന്നു ജസ്റ്റിസ് ബോബ്‌ഡേയുടെ പരാമര്‍ശം. തല്‍ക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.