ന്യൂഡല്‍ഹി: സുപ്രിം കോടതി ജസ്റ്റിസ് അശോക് ഭൂഷണ്‍ ഇന്ന് വിരമിക്കും. കേസുകളിലെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ വ്യത്യസ്തനായ ഇദ്ദേഹം മഹാമാരി കാലത്ത് രാജ്യത്ത് കഷ്ടതകള്‍ അനുഭവിക്കുന്നവരെ തന്റെ വിധികളിലൂടെ അശോക് ഭൂഷണ്‍ ചേര്‍ത്ത് പിടിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്ന് ഉത്തരവിട്ടും കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സുപ്രധാന നിര്‍ദേശവും നല്‍കിയാണ് അശോക് ഭൂഷണിന്റെ പടിയിറക്കം.
കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബത്തിന് ധനസഹായത്തിന് അര്‍ഹതയുണ്ടെന്നും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ കുഴപ്പങ്ങള്‍ പരിഹരിക്കണമെന്ന് അടക്കമുള്ള അശോക് ഭൂഷണിന്റെ വിധി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി തീര്‍ന്നിരുന്നു.
ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കും ഭക്ഷണത്തിനുമടക്കം സുപ്രധാന ഉത്തരവുകള്‍ ഇറക്കി. മൊറട്ടോറിയല്‍ കാലയളവില്‍ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കി. അയോദ്ധ്യ തര്‍ക്ക ഭൂമിക്കേസ്, മറാത്ത സംവരണം, ദയാ വധം തുടങ്ങി ഒരുപിടി ചരിത്രപരമായ വിധികളുടെ ഭാഗമായി.
അതേസമയം, ശബരിമല പുനഃപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട ഒന്‍പത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷണ്‍ അംഗമായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.