ന്യൂഡൽഹി: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിന് ആവശ്യമായ നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് വിശ്വാസി സംഘടനകളുടെ അഭിഭാഷകൻ.
ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ആചാരാനുഷ്ഠാനങ്ങളിൽ കോടതി ഇടപെടേണ്ടെന്നായിരുന്നു അവർ വ്യക്തമാക്കിയത്. ഹൈക്കോടതിയുടെ മുൻ വിധി ചൂണ്ടിക്കാട്ടി പുനഃപരിശോധനാ ഹർജി നടത്തുമെന്നും അവർ വ്യക്തമാക്കുന്നു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞിരുന്നു. എന്നാൽ പൗരനെന്ന നിലയിൽ വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബവും വ്യക്തമാക്കി. വിധി ദുഃഖകരമെന്ന് മുൻ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും പ്രതികരിച്ചു.
അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എം.പത്മകുമാർ അറിയിച്ചു. സ്ത്രീപ്രവേശനത്തിന് വേണ്ട സൗകര്യങ്ങൾ ദേവസ്വം ബോർഡ് നടപ്പാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയിൽ പ്രായം നോക്കാതെ സ്ത്രീകൾക്ക് പ്രവേശനമനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ശാരീരിക ഘടനയുടെ പേരിൽ വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തിൽ പറഞ്ഞു. സ്ത്രീ പുരുഷന് താഴെയല്ല. വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നു. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമാണ്. ശബരിമലയിലെ ആചാരം സ്ത്രീകളുടെ അവകാശം ലംഘിക്കുന്നതാണ്. സ്ത്രീകൾക്കുള്ള നിയന്ത്രണം ഭരണഘടനാ ലംഘനമാണ്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിലാണ്. ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.