കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്കായി ഹാജരാകുക സുപ്രീംകോടതി അഭിഭാഷകന്‍

കൊച്ചി: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുക സുപ്രീംകോടതി അഭിഭാഷകന്‍. പ്രമാദമായ പല കേസുകളിലൂടെയും ശ്രദ്ധേയനായ അഡ്വക്കറ്റ് രഞ്ജിത്ത് ശങ്കര്‍ ആണ് പ്രതി പത്മകുമാറിനും ഭാര്യ അനിതകുമാരിക്കും മകള്‍ അനുപമയ്ക്കും വേണ്ടി ഹാജരാകുന്നത്. ഇന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹൈകോടതി അഭിഭാഷകന്‍ പ്രഭു വിജയകുമാര്‍ ഹാജരായി.

ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി അന്വേഷണസംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. മൂവരെയും കോടതി റിമാന്റ് ചെയ്തു. പത്മകുമാറിനെ തിരികെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അയച്ചു.

കസ്റ്റഡിയില്‍ വാങ്ങിയശേഷം കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്നതായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂര്‍ത്തിയാക്കി. കൂടാതെ പ്രതികളുടെ കൈയെഴുത്ത് പരിശോധനയും നടത്തി.

നവംബര്‍ 27 വൈകിട്ട് ആയിരുന്നു ആറ് വയസ്സുകാരിയെ ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസില്‍ പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവര്‍ പൊലീസിന്റെ പിടിയിലായി. ഇതില്‍ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങള്‍ പൊലീസ് പ്രത്യേകം പരിശോധിക്കുകയാണ്. കൂടാതെ മൂന്നുപേരുടെയും അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും മോശമായ തരത്തില്‍ മെസ്സേജ് അയക്കുകയോ മറ്റെന്തെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഉടനെ കുറ്റപത്രം സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Top