ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന നടപടികള്‍ തൊഴിലുടമകളുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ഓവര്‍ടൈം കൂലി നല്‍കേണ്ടതില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യവസ്ഥ ചെയ്ത് വിജ്ഞാപനം റദ്ദാക്കിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. അര്‍ഹരായ എല്ലാ തൊഴിലാളികള്‍ക്കും ഓവര്‍ടൈം വേതനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
‘മഹാമാരികള്‍ തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ അന്തസ്സോടെ ചെയ്യാനുള്ള അവകാശങ്ങള്‍ റദ്ദാക്കാനുള്ള അവസരമാക്കരുത്. തൊഴിലാളികള്‍ക്ക് ന്യായമായ വേതനത്തിനും നല്ല തൊഴില്‍ സാഹചര്യങ്ങള്‍ക്കുമുള്ള അവകാശങ്ങളുണ്ടെന്ന വസ്തുത വിസ്മരിക്കരുത്’- ജസ്റ്റിസുമാരായ കെ എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
കോവിഡ് കാലയളവില്‍ വ്യവസായസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാനാണ് വിജ്ഞാപനം ഇറക്കിയതെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. സാമ്പത്തിക പ്രതിസന്ധി മുതലാളിമാര്‍ക്ക് മാത്രമുള്ള കാര്യമല്ലെന്നും പ്രതിസന്ധിയുടെ ഭാരം തൊഴിലാളികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ നടപടി അല്ലെന്നും കോടതി പ്രതികരിച്ചു.