ചിലരെ പീഡിപ്പിക്കാനുള്ള ആയുധമായി നിയമങ്ങള്‍ മാറുന്നില്ലെന്ന് കോടതികള്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ ചിലരെ പീഡിപ്പിക്കാനുളള ആയുധമായി മാറുന്നില്ലെന്ന് കോടതികള്‍ ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി. ഒരു ദിവസം സ്വാതന്ത്ര്യം നിഷേധിക്കുന്നത് പോലും പല ദിവസങ്ങളില്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

നവംബര്‍ 11 ന് അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിന്റെ വിശദമായ വിധി പകര്‍പ്പ് ആണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും അടങ്ങിയ ബെഞ്ച് ഇന്ന് പുറത്തിറക്കിയത്. പ്രാഥമിക പരിശോധനയില്‍ അര്‍ണബ് ഗോസ്വാമി ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതിന് തെളിവില്ല. തെളിവുകള്‍ വിലയിരുത്തുന്നതില്‍ മുംബൈ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നത് പോലെ ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതും ജില്ലാ കോടതികള്‍ മുതല്‍ സുപ്രീം കോടതിയുടെ വരെ ചുമതലയാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതികള്‍ പരിഗണിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. ചുമത്തപെട്ടിരിക്കുന്ന ആരോപണത്തിന്റെ സ്വഭാവം, ലഭിക്കാവുന്ന ശിക്ഷ എന്നിവ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി കാണിക്കിലെടുക്കണം.

തെളിവുകള്‍ നശിപ്പിക്കാനോ, പരാതിക്കാരായോ, സാക്ഷികളെയോ സ്വാധീനിക്കാനോ ഭീഷണിപെടുത്താനോ ഉള്ള സാഹചര്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കണം. പ്രാഥമികമായി കുറ്റം നിലനില്‍ക്കുമോ എന്നും പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും പരിഗണിക്കണമെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top