ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി.
ഉത്തരവില്‍ വര്‍ഗീയതയുടെ നിറം കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ പടക്കവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ തലസ്ഥാനത്തെ പടക്കവില്‍പ്പനക്കാരാണ് കോടതിയെ സമീപിച്ചത്. നിരോധനത്തിന് ഇളവ് വേണമെന്നും ഇല്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി എത്തിച്ച സ്റ്റോക്ക് വിറ്റഴിക്കാന്‍ കഴിയാതെ വരുമെന്നും വ്യാപാരികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.
പടക്ക വില്‍പ്പന നടത്താന്‍ വ്യാപാരികള്‍ക്ക് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന് വ്യാപാരികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതും നിരാകരിച്ചു. നിരോധനത്തില്‍ ഇളവ് വരുത്തില്ല. ഇത് ഒരു പരീക്ഷണമാണ്. ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.
മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് ഡല്‍ഹിയില്‍ പടക്ക വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഹിന്ദുക്കളുടെ ആഘോഷത്തിന് മാത്രം എന്തിന് നിയന്ത്രണങ്ങള്‍ വരുത്തുന്നുവെന്നായിരുന്നു എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ പ്രതികരണം. ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് യോഗ ഗുരു രാംദേവും അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടും രംഗത്തെത്തിയിരുന്നു.