ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എന്താണ് തടസമെന്ന് യുപി സര്‍ക്കാറിനോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.
എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്ന് വ്യക്തമാക്കിയ കോടതി യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന്് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ഉച്ചക്ക് ഒരു മണിക്കുള്ളില്‍ നിലപാട് അറിയിക്കാമെന്ന് യു.പി സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യം വലിയ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ആശുപത്രിയില്‍ കിടക്ക പോലും കിട്ടാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിദ്ദീഖ് കാപ്പന് മാത്രം ഒരു സൗകര്യം നല്‍കുന്നത് ശരിയല്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ കാപ്പന്‍ നേരിട്ട് അപേക്ഷ നല്‍കിയിട്ടില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ എന്ന സംഘടനയാണ് ആവശ്യം ഉന്നയിച്ചതെന്ന വാദവും തുഷാര്‍ മേത്ത ഉന്നയിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ മാത്രമല്ല കാപ്പന്റെ ഭാര്യയെ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്ത് അപേക്ഷയായി പരിഗണിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കുന്നതിനെതിരെ ശക്തമായ വാദമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഹാഥ്‌റാസിലേക്ക് പോയത് ജാതി വിഭജനം ഉണ്ടാക്കാനാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടോ എന്ന് കോടതിയുടെ ചോദ്യത്തിന്, നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.