ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിനേഷന്‍ വിഷയം തികച്ചും നിര്‍ണായകമാണെന്ന് സുപ്രീംകോടതി പറഞ്ഞു. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിനും അതില്‍ താഴെയുള്ളവര്‍ക്ക് പണമടച്ച് വാക്സിനും നല്‍കാനുള്ള കേന്ദ്രത്തിന്റെ നയം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവുമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
18- 44 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആശുപത്രി പ്രവേശനം, മരണം എന്നിവയുള്‍പ്പെടെയുള്ള അണുബാധയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും അനുഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പകര്‍ച്ചവ്യാധിയുടെ മാറുന്ന സ്വഭാവം മൂലം 18- 44 വയസ് പ്രായപരിധിയിലുള്ളവരേയും വാക്സിനേറ്റ് ചെയ്യേണ്ട സാഹചര്യമാണ്. ശാസ്ത്രീയാടിസ്ഥാനത്തില്‍ വ്യത്യസ്ത പ്രായവിഭാഗങ്ങള്‍ക്കിടയില്‍ മുന്‍ഗണന നിലനിര്‍ത്താമെന്നും കോടതി പറഞ്ഞു.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഭരണകൂട നയങ്ങള്‍ മൂലം ലംഘിക്കപ്പെടുമ്പോള്‍ കോടതികള്‍ക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.