ന്യൂഡല്‍ഹി: ലിംഗഭേദമില്ലാതെ ഇഷ്ടമുള്ള ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി സ്വവര്‍ഗരതിയുടെ കേസിലും ബാധകമാണെന്നും പങ്കാളിയെന്നാല്‍ എതിര്‍ലിംഗമാകണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.
ഹാദിയ കേസില്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഒരേ ലിംഗത്തില്‍പെട്ട ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം കൂടിയാണിത്.
ജീവിത പങ്കാളിയെന്നാല്‍ അതേ ലിംഗത്തില്‍പെട്ട വ്യക്തിയും ആകാമെന്നും എതിര്‍ലിംഗത്തില്‍പെട്ടത് ആകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് ചന്ദ്രചൂഡിനും പിന്നാലെ ജസ്റ്റിസുമാരായ രോഹിങ്ടണ്‍ ഫാലി നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍കൂടി അടങ്ങുന്നതാണ് അഞ്ചംഗ ഭരണഘടന ബെഞ്ച്.
സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിനുള്ള ഹര്‍ജി കേള്‍ക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി വാദംകേട്ടത്.
സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമം 377-ാം വകുപ്പ് റദ്ദാക്കണമെന്നും ഒരേ ലിംഗത്തില്‍പെട്ടവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം അനുവദിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് സുപ്രീംകോടതിയുടെ അനുകൂല വിധി.
പ്രകൃതി വിരുദ്ധമായി പുരുഷന്മാര്‍ തമ്മിലും സ്ത്രീകള്‍ തമ്മിലും മൃഗങ്ങളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ 10 വര്‍ഷം തടവും പിഴയും വിധിക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പ്. അത് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്വകാര്യത മൗലികാവകാശമാണെന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയോടെ സ്വവര്‍ഗരതി കുറ്റകരമല്ലാതായെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.