supreme court order ; street dog killed explanation

ഡല്‍ഹി :തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ സുപ്രീംകോടതി കേരളത്തിനോട് വിശദീകരണം തേടി.

കേരളത്തില്‍ ചില സംഘടനകള്‍ തെരുവ് നായ്ക്കളെ കൊന്ന് പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ആ ചിത്രങ്ങള്‍ പരിശോധിച്ച ശേഷം കേരളത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോയെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.

പൊതു പ്രവര്‍ത്തകനായ സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജി പരഗണിക്കുകയായിരുന്നു കോടതി.

ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ തെരുവ് നായ്ക്കളെ കൊന്ന് ആഘോഷം നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും അതിലെ പ്രവര്‍ത്തകര്‍ക്കെതിരെയും എന്ത് നടപടിയെടുത്തുവെന്നും കോടതി ആരാഞ്ഞു.

ഇതിനെ പറ്റി വിശദീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി കര്‍ശനനിര്‍ദേശം നല്‍കി.

പേപ്പട്ടിയുടെ ജീവനേക്കാള്‍ മനുഷ്യന്റെ ജീവനു തന്നെയാണ് വിലയെന്ന് കോടതി പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല. നിയമം അനുവദിക്കുന്ന നടപടികളാണ് അതിനായി സ്വീകരിക്കേണ്ടത്.

തെരുവുനായ ശല്യം തടയുന്നതിന് മൃഗസംരക്ഷണ ബോര്‍ഡ് നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി അറിയിക്കണം സുപ്രീംകോടതി പറഞ്ഞു.

Top