ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ദാവൂദിന്റെ അമ്മയും സഹോദരിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ദാവൂദിന്റെ മുംബൈയിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശവും നല്‍കി.
മുംബൈയിലുള്ള ദാവൂദിന്റെ സ്വത്തുക്കള്‍ അമ്മയുടെയും സഹോദരിയുടെയും കൈവശമാണുള്ളത്. രണ്ടുപേരും മരിച്ചു. 1988ല്‍ ഈ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. സ്വത്ത് ഏറ്റെടുക്കുന്നതിന് എതിരെ ഇരുവരും കോടതിയെ സമീപിച്ചു. ട്രൈബ്യൂണലും ഡല്‍ഹി ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്ന് ഇരുവരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തല്‍സ്ഥിതി തുടരാന്‍ 2012 നവംബറില്‍ കോടതി ഉത്തരവിട്ടു.
വസ്തുവകകള്‍ പിടിച്ചെടുക്കാതിരിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ അമിനയോടും ഹസീനയോടും സര്‍ക്കാര്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. താമസയോഗ്യമായ ഏഴ് വസ്തുവകകളില്‍ അമ്മയായ അമിനയുടെ പേരില്‍ രണ്ടും സഹോദരി ഹസീനയുടെ പേരില്‍ അഞ്ചും വസ്തുവകകളുണ്ട്. ഇവ ദാവൂദിന്റെ അനധികൃത സമ്പാദ്യം കൊണ്ട് നേടിയതാണെന്ന് സര്‍ക്കാര്‍ പറയുന്നു