ഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്ന നടപടി നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദേശം. രാവിലെ വൻ സന്നാഹങ്ങളുമായി മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കൽ തുടങ്ങിയതിനു പിന്നാലെയാണ് തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് എൻവി രമണ ഉത്തരവിട്ടത്.
രാവിലെ കോടതി ചേർന്നയുടൻ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും അഭിഭാഷകൻ അറിയിച്ചു. ഹർജി നൽകാൻ നിർദേശിച്ച കോടതി ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. നാളെ കേസിൽ വിശദമായവാദം കേൾക്കും.
കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമാണ് ജഹാംഗീർപുരി. സംഘർഷമുണ്ടായതിനു പിന്നാലെ ഇവിടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.
ബുൾ ഡോസറുകളും ജെസിബിയും ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങിയത്. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹംഒരുക്കിയിരുന്നു. അഞ്ചു സെക്ടറുകളിലായി പൊലീസ് സേനയെ വിന്യസിച്ചു. അർധ സൈനിക വിഭാഗവും സജ്ജമാണ്. ഡ്രോൺ കാമറ ഉപയോഗിച്ച് പൊലീസ് രംഗനീരക്ഷണം നടത്തി.