ന്യൂഡല്‍ഹി : ഐ എൻ എക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദമാകും കോടതി കേൾക്കുക.
സിബിഐ-ഇ ഡി കേസുകളിലായി ഇന്നേക്ക് 100 ദിവസമാണ് ചിദംബരം തടവിൽ കഴിയുന്നത്. കേസില്‍ ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഡല്‍ഹി പ്രത്യേക കോടതി തള്ളിയിരുന്നു. ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെയാണ് നീട്ടിയത്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതിയുടെ തീരുമാനം.
ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി. ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ.