ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടന്ന വാദത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.
അന്വേഷണ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും അതിനു ശേഷം കേസ് വീണ്ടും പരിഗണിക്കാനുമാണ് കോടതി നിര്‍ദ്ദേശം. സിബിഐ, ഐബി, ഡല്‍ഹി പൊലീസ് എന്നിവര്‍ സഹായിക്കേണ്ടതാണ്.
ചീഫ് ജസ്റ്റീസിനെതിരായ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. സത്യവാങ്മൂലം മുദ്രവച്ച കവറിലാണ് കൈമാറിയിരിക്കുന്നത്. ഗൂഢാലോചന കേസിലെ അന്വേഷണം യുവതിയുടെ ലൈംഗികാരോപണത്തിലെ ആഭ്യന്തര അന്വേഷണത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.