ന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി.
‘ഹര്‍ജിയിലേക്ക് കടക്കുന്നതിനു മുമ്പ് ഇത്തരമൊരു ഹര്‍ജിയുടെ ആവശ്യകത തങ്ങള്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്’ എന്നാണ് കോടതി സ്വാമിയെ അറിയിച്ചത്. ഇത്തരമൊരു അന്വേഷണത്തിന് ആവശ്യപ്പെടുന്നതിന്റെ ന്യായീകരണമെന്താണെന്ന് സ്വാമി കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് അമിതവ് റോയിയും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
നേരത്തെ, സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി ഇത് തള്ളിയതിനെ തുടര്‍ന്നാണ് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. പൊതു താത്പര്യ സംരക്ഷണാര്‍ഥം എന്ന് പറഞ്ഞാണ് സ്വാമി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2014 ജനുവരി 17ന് ഡല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ ആണ് ദുരൂഹ സാഹചര്യത്തില്‍ സുന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.