ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി.
പ്രതിരോധമന്ത്രാലയത്തില്‍ നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരോ നിലവിലുള്ള ജീവനക്കാരോ ആയിരിക്കാം രേഖകള്‍ മോഷ്ടിച്ചതെന്നും അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണിതെന്നും ഒരിക്കലും ഈ രേഖകള്‍ പ്രസിദ്ധപ്പെടുത്താന്‍ സാധിക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ രേഖയിലുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ചീഫ്ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു. എങ്ങനെയാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടതെന്ന് തങ്ങള്‍ അന്വേഷിക്കുകയാണെന്ന് മറുപടിയായി കെ.കെ വേണുഗോപാല്‍ അറിയിച്ചു.