Supreme Court refuses to stay NGT hearing in Vizhinjam port

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസില്‍ നിന്ന് പിന്മാറുന്നതായി ജസ്റ്രിസ് ജെ.എസ്.കേഹര്‍, നരിമാന്‍ എന്നിവര്‍ അറിയിക്കുകയായിരുന്നു.

കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും അതിനാലാണിതെന്നും കേഹര്‍ വ്യക്തമാക്കി. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം വലിയതുറ സ്വദേശിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവുമായ ആന്റോ ഏലിയാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പദ്ധതിക്ക് അനുമതി ലഭിച്ചതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടെന്ന് തുറമുഖ കല്‍പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നും കോടതിയെ അറിയിച്ചു. പദ്ധതി നിറുത്തി വയ്ക്കുകയാണെങ്കില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുമെന്നും കന്പനി വാദിച്ചു.

എന്നാല്‍, വിഴിഞ്ഞം പദ്ധതി പ്രദേശം താന്‍ സന്ദര്‍ശിച്ചതാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് റദ്ദാക്കിയാല്‍ നിര്‍മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്തെ പരിസ്ഥിതി പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയില്ലെന്ന് മനസിലായെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

കേസ് 13ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, വികസന പദ്ധതികള്‍ ആവശ്യമാണെന്നും എന്നാല്‍ പരിസ്ഥിതി സംരക്ഷണം വേണ്ടെന്ന് വയ്ക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Top