ന്യൂഡല്‍ഹി: ഭീമ-കൊരേഗാവ് സംഘര്‍ത്തിലെ പ്രധാന പ്രതിയായ സമസ്ത ഹിന്ദു അഗാദി നേതാവ് മിലിന്ദ് എക്‌ബോട്ടയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജനുവരി ഒന്നിനു പുനെയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഭീമ-കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠാ വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 162 പേര്‍ പ്രതികളാണ്.
അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ പറഞ്ഞിരുന്നു. കലാപത്തില്‍ നാശനഷ്ടമുണ്ടാക്കിയ ആളുകളുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.