ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് അടക്കമുള്ള മെസേജിംഗ് ആപ്പുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാര്‍ക്ക് തര്‍ക്കപരിഹാര ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹരിയാന സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവാണ് വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി നല്‍കിയത്. ഇത്തരം ആപ്പുകള്‍ തീവ്രവാദികള്‍ക്കും ക്രിമിനലുകള്‍ക്കും സഹായകരമാകുന്നുയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
വാട്‌സ് ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കു സഹായകരമാകുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.
സൂപ്പര്‍ കമ്പ്യൂട്ടറിനുപോലും എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും. 256 ബിറ്റുള്ള ഒരു സന്ദേശം തിരിച്ചെടുക്കണമെങ്കില്‍ നൂറുകണക്കിന് വര്‍ഷമെടുക്കുമെന്നും യാദവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.