ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസ് പരിഗണിക്കുന്ന നിലവിലെ സുപ്രീം കോടതി ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെയാകും പരിഗണിക്കുക.
ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്‌റേ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക. ജനുവരി 11ന് കേസ് സുപ്രീം കോടതി പരിഗണിക്കും.
ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമര്‍ശം നീക്കം ചെയ്യണം. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞിരുന്നു.