വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി.

കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നതാണിത്. സുപ്രീം കോടതി ജാമ്യ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തി.വ്യവസ്ഥകളനുസരിച്ച്‌ വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ കഴിയില്ല. സോഷ്യല്‍മീഡിയയില്‍ കേസുമായി ബന്ധപ്പെട്ട് പോസ്റ്റിടുന്നതിനും വിലക്കുണ്ട്.

ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളുവെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയില്‍ മാറ്റം വരുത്തി.ഇനി ആവശ്യപ്രകാരം പൊലീസിനു തുടര്‍ന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാം. അതിജീവിതയെ അധിക്ഷേപിക്കാന്‍ പാടില്ല.തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളും വിജയ് ബാബുവിനുള്ള മുന്‍കൂര്‍ ജാമ്യവ്യവസ്ഥയില്‍ പറയുന്നുണ്ട്. ജഡ്ജിമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനു പുറമേ, അതിജീവിതയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.വിജയ് ബാബു ഫെയ്‌സ്ബുക്കിലൂടെ പേര് വെളിപ്പെടുത്തിയെന്നും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് അതിജീവിത ചൂണ്ടിക്കാട്ടിയത്.

Top