ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും നിരീക്ഷിച്ചു.
പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നുവെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു
യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജി രണ്ട് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.