ന്യൂഡല്‍ഹി: ശബരിമല വിഷയത്തിലെ പുന:പരിശോധന ഹര്‍ജിയില്‍ തങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പറയാനുണ്ടെന്ന് അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്മ സുപ്രീംകോടതിയെ അറിയിച്ചു.
ഇക്കാര്യം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചില്‍ അഭിഭാഷകന്‍ മാത്യു
നെടുമ്പാറ ഇന്ന് ആവശ്യമുന്നയിച്ചത്. മൂന്ന് ദിവസത്തിനകം പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് പ്രാധാന്യമുള്ള കാര്യമാണെങ്കില്‍ തുറന്ന കോടതിയില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നും വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച 56 പുന:പരിശോധനാ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇതില്‍ പത്തെണ്ണം കേട്ടപ്പോള്‍ തന്നെ ചീഫ് ജസ്റ്റീസ് ഇടപെട്ടു. എല്ലാവരും പറയുന്നത് ഒരേ കാര്യമാണെന്നും ബാക്കിയുള്ളവര്‍ ഏഴ് ദിവസത്തിനകം വാദം കോടതിക്ക് മുന്നില്‍ എഴുതി നല്‍കിയാല്‍ മതിയെന്നുമാണ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.