ഗാന്ധി വധത്തിലെ വിദേശബന്ധം അന്വേഷിക്കണമെന്നു സുപ്രീം കോടതിയില്‍ ഹര്‍ജി

gandhi

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ വധിച്ചതിലെ വിദേശബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

പങ്കജ് ഫഡ്നിസ് എന്നയാളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയ്ക്കൊപ്പം തൂക്കിലേറ്റപ്പെട്ട നാരായണ്‍ ദത്താത്രേയ ആപ്തെയുടെ വിദേശ ബന്ധം അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആപ്തെയും പൗരത്വം 68 വര്‍ഷങ്ങള്‍ക്കുശേഷവും ദുരൂഹമായി തുടരുകയാണെന്നു ഫഡ്നിസ് ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ ഗാന്ധിവധക്കേസ് അന്വേഷണം വീണ്ടും തുറക്കണമെന്നാണ് ഫഡ്നിസ് ആവശ്യപ്പെടുന്നത്.

ഗാന്ധി വധത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജെ.എല്‍.കപുര്‍ അന്വേഷണ കമ്മിഷന്‍ ആപ്തെ ഇന്ത്യന്‍ വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ 2016 ജനുവരി ഏഴിന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ നല്‍കിയ മറുപടിയില്‍, ആപ്തെ വ്യോമസേനയിലെ അംഗമാണെന്നതിനു തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞതായി ഫഡ്നിസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

1949 നവംബര്‍ 15ന് അംബാല ജയിലിലാണ് ഗോഡ്സെയെയും ആപ്തെയെയും തൂക്കിലേറ്റുന്നത്. അഭിനവ് ഭാരത് മുംബൈ എന്ന സംഘടനയിലെ ഗവേഷകനാണ് ഫഡ്നിസ്. വിനായക് ദാമോദര്‍ സവര്‍ക്കറില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് 2001ലാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്.

Top