കേന്ദ്രത്തിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതി !

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ദ്ധര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും ജസ്റ്റിസ് രമണ അറിയിച്ചു. പെഗാസസുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മൂന്നുനാലു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്ന് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞാഴ്ച അറിയിച്ചിരുന്നു.

കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ദ്ധര്‍ സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും, ഇതുമൂലമാണ് സമിതി രൂപവത്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവര്‍ത്തകരായ ശശികുമാര്‍, എന്‍. റാം, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ്, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിംഗ് തുടങ്ങി നിരവധി പേരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Top