ന്യൂഡൽഹി: മുൻകൂർ പാരിസ്ഥിതികാനുമതിയില്ലാതെ പദ്ധതികൾ തുടങ്ങാൻ അനുവദിക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
കേന്ദ്ര പരിസ്ഥിതിമന്ത്രാലയം കഴിഞ്ഞവർഷം ജനുവരിയിൽ ഇറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഇനിയൊരുത്തരവുണ്ടാകുംവരെ സ്റ്റേ ചെയ്തത്. സന്നദ്ധസംഘടനയായ വനശക്തിയുടെ ഹർജിയിൽ പരിസ്ഥിതിമന്ത്രാലയത്തിന് നോട്ടീസയച്ച സുപ്രീംകോടതി, കേസ് നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.
പദ്ധതികളുടെ പ്രവർത്തനം തുടങ്ങുംമുൻപാണ് പാരിസ്ഥിതികാനുമതി വേണ്ടതെന്ന് വനശക്തിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. പദ്ധതി തുടങ്ങിയശേഷം അനുമതി നേടിയാൽ മതിയെന്നത് പരിസ്ഥിതിസംരക്ഷണ നിയമത്തിനെതിരാണ്. എല്ലാ പദ്ധതികൾക്കും പാരിസ്ഥിതികാനുമതി മുൻകൂട്ടി വാങ്ങണമെന്നാണ് 2006-ലെ പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചട്ടം ലംഘിച്ചവർക്ക് പിന്നീടുള്ള അനുമതിക്കായി അപേക്ഷിക്കാൻ ആറ് മാസത്തെ വിൻഡോ തുറന്നുകൊണ്ടുള്ള ഓഫീസ് മെമ്മോറാണ്ടം 2017-ൽ ഇറക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ഹർജിയിൽ പറഞ്ഞു. ഖനനത്തിന് കരാർ ലഭിച്ചവരാണ് ഓഫീസ് മെമ്മോറാണ്ടത്തിന്റെ ആനുകൂല്യം കൂടുതലും ഉപയോഗിച്ചത്. ഈ ഓഫീസ് മെമ്മോറാണ്ടം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ബൊക്കാറോ പ്രോജക്റ്റിന്റെ കേസ് വന്നപ്പോൾ, മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് തമിഴ്‌നാടിന് മാത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തിന്റെ ആനുകൂല്യത്തിലാണ് പദ്ധതികൾക്ക് പിന്നീട് അനുമതി നേടിയാൽമതിയെന്ന ഓഫീസ് മെമ്മോറാണ്ടം കേന്ദ്രസർക്കാർ ഇറക്കിയത്.