അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്‌സ് ഈടാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ

ഡല്‍ഹി: അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അതിര്‍ത്തി ടാക്‌സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈന്‍സ് ട്രാവല്‍സ് അടക്കം ഇരുപത്തിനാല് ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍. നേരത്തെ കേരളം, തമിഴ് നാട്, കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷനുള്ള ബസുകള്‍ സര്‍വീസിനായി എത്തുന്ന അതിര്‍ത്തി ടാക്‌സ് എന്ന നിലയില്‍ നികുതി ഈടാക്കിയിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് അഖിലേന്ത്യാ പെര്‍മിറ്റുകള്‍ ഉള്ള വാഹനങ്ങള്‍ക്ക് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുമ്പോള്‍ അതിര്‍ത്ത് ടാക്‌സ് പോലെയുള്ള പ്രത്യേക നികുതികള്‍ ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നിലനില്‍ക്കെ കേരളം, തമിഴ്‌നാട് സര്‍ക്കാരുകള്‍ നികുതി ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നികുതി ഈടാക്കുന്ന നടപടി സ്റ്റേ ചെയ്തു. കേസില്‍ എതിര്‍കക്ഷികളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, സര്‍ക്കാരുകള്‍,കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. കേസ് ഇനി അടുത്ത ഒക്ടോബര്‍ 13 ന് വീണ്ടും പരിഗണിക്കും.

Top