സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനയില്‍ സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി ഈ മാസം 19 ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് തീരുമാനമെടുത്തത്.

ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേയാണ് ആശുപത്രി മാനേജ്‌മെന്റ് സുപ്രിംകോടതിയെ സമീപിച്ചത്.

20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിക്കൊണ്ടാണ് മിനിമം വേതനസമിതി തീരുമാനമെടുത്തത്. ഇത് നടപ്പിലായാല്‍ കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപത്രികളില്‍ ആനുപാതികമായി ശമ്പളം വര്‍ധിക്കുമായിരുന്നു.

ഇനി കേസ് പരിഗണിക്കുന്ന നവംബര്‍ 2 വരെയാണ് സ്റ്റേ.

Top