തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റോബിന്‍സണ്‍ ഡേവിഡിനാണ് സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസവിധി ലഭിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി നടപടി. പണം നല്‍കിയിട്ടും അധ്യാപക ജോലി നല്‍കിയില്ല എന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലെ കേസിലാണ് സുപ്രീം കോടതി ഇടപെടല്‍.
പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട്, മേജര്‍ ആര്‍ച്ച് ബിഷപ്പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ എല്‍എസ് നിഷാന്ത്, അന്‍സു കെ വര്‍ക്കി എന്നിവരാണ് കോടതിയില്‍ ഹാജരായത്.
പണം വാങ്ങി അധ്യാപക നിയമനം നല്‍കാമെന്ന് കാട്ടി വഞ്ചിച്ചെന്ന് ആരോപിച്ച് ബലാരാമപുരം സ്വദേശി നല്‍കിയ പരാതിയില്‍ 2020ലാണ് പേരൂര്‍ക്കട പൊലീസ് കേസ് എടുത്തത്. സഭയുടെ കീഴിലുള്ള സ്‌കൂളില്‍ ഹിന്ദി അധ്യാപകനായി നിയമനം നല്‍കാമെന്ന് ഉറപ്പിലാണ് പണം നല്‍കിയതെന്നായിരുന്നു പരാതി. പരാതിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റോബിന്‍സണ്‍ ഡേവിഡിനെതിരെ വഞ്ചന, വിശ്വാസലംഘനം അടക്കം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.നേരത്തെ മൂന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയില്‍ എത്തിയത്.